തിരുവാങ്കുളം: പഞ്ചായത്ത് ജംഗ്ഷനിൽ ഷീറ്റുകൾ കയറ്റി വന്ന മിനിവാനിൽ നിന്നുള്ള ഇരുമ്പ് ഷീറ്റുകൾ കാറിലേക്ക് ഇടിച്ചുകയറിയ സംഭവത്തിൽ വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു അപകടം നടന്നത്.
അപകടകരമായ രീതിയിൽ മിനി ലോറിയിൽ കയറ്റിയിരുന്ന നീളമേറിയ ഷീറ്റുകൾ മുന്നിൽ സഞ്ചരിച്ചിരുന്ന കാറിന്റെ പിൻഭാഗത്തെ ചില്ല് തകർത്ത് ഉള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഷീറ്റുകൾ കാറിനുള്ളിലേക്ക് തുളച്ചുകയറിയെങ്കിലും വലിയ അപകടം ഒഴിവായതായി ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തെ തുടർന്ന് തിരുവാങ്കുളം–കരിങ്ങാച്ചിറ റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങൾ നീണ്ടനിരയായി കുടുങ്ങിയതോടെ പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു.


