ഫോർട്ടുകൊച്ചി: കടപ്പുറത്ത് പാമ്പുശല്യം രൂക്ഷമാകുന്നതായി പരാതി. ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ ഫോർട്ടുകൊച്ചി ബീച്ചിൽ പാമ്പുകളുടെ സാന്നിധ്യം വർധിച്ചതോടെ വിനോദസഞ്ചാരികളും ഭീതിയിലായിരിക്കുകയാണ്. ചൂട് ശക്തമായതോടെ പാമ്പുകൾ വഴിയോര കച്ചവട സ്ഥാപനങ്ങൾക്കു സമീപവും മറ്റ് ഭാഗങ്ങളിലുമായി എത്തുന്നതായി നാട്ടുകാർ പറയുന്നു.
ഇന്നലെ രാവിലെ ഫോർട്ടുകൊച്ചി വാസ്കോഡഗാമ സ്ക്വയറിന് സമീപത്തെ നടപ്പാതയിൽ കച്ചവടം നടത്തുന്ന പശ്ചിമ ബംഗാൾ സ്വദേശി എം.ഡി. വിക്ടറിന് (50) പാമ്പുകടിയേറ്റു. രാവിലെ കട തുറക്കുന്നതിനായി താഴെ വിരിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റിന്റെ കെട്ടഴിക്കുന്നതിനിടെയാണ് സംഭവം. പ്ലാസ്റ്റിക് ഷീറ്റിനുള്ളിലുണ്ടായിരുന്ന പാമ്പ് വലതുകൈയിലെ വിരലിൽ കടിക്കുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സ നൽകി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ്.
കടപ്പുറത്ത് ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷമാണെന്നും പെരുമ്പാമ്പ് മുതൽ അണലി വരെ വിവിധയിനം പാമ്പുകൾ ഇവിടെ കാണപ്പെടുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. കടപ്പുറത്തെ കല്ലുകൾക്കിടയിലും പായലുകൾക്കിടയിലും പാമ്പുകൾ ഒളിഞ്ഞിരിക്കുന്നതായും ഇവ പലപ്പോഴും നടപ്പാതയിലേക്ക് എത്തുന്നതായും നാട്ടുകാർ ആരോപിക്കുന്നു. സന്ധ്യയ്ക്കുശേഷം വെളിച്ചക്കുറവ് കാരണം പാമ്പുകളെ തിരിച്ചറിയാൻ പ്രയാസമുണ്ടാകുന്നതായും സൗത്ത് കടപ്പുറത്തെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായതോടെ പ്രദേശം ഇരുട്ടിലാകുന്നതായും പരാതിയുണ്ട്.


