കൊച്ചി: വാഹന പരിശോധനയ്ക്കിടെ സ്കൂട്ടർ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റു. മൂന്ന് പേരുമായി എത്തിയ സ്കൂട്ടർ കൈകാട്ടി നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ച് സംഘം രക്ഷപ്പെട്ടത്.
പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ എസ്.ഐ എം.എസ്. സുധീഷ് ബാബു (55) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 11.20ഓടെ പാലാരിവട്ടം രാജ്യാന്തര സ്റ്റേഡിയം പരിസരത്തെ 24 കുലുക്കി ടീ ഷോപ്പിന് സമീപത്തായിരുന്നു സംഭവം.
സുധീഷ് ബാബു ഉൾപ്പെട്ട പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ മൂന്ന് പേരുമായി ഓലെ സ്കൂട്ടർ എത്തി. കൂടെയുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ നിയാസ് വാഹനം നിർത്താൻ കൈകാട്ടിയെങ്കിലും സ്കൂട്ടർ നിർത്താതെ അമിതവേഗത്തിൽ മുന്നോട്ടുപോയി. തുടർന്ന് സ്കൂട്ടർ ഇടിച്ച് തെറിച്ചുവീണ സുധീഷ് ബാബുവിന് താഴത്തെ നിരയിലെ രണ്ട് പല്ലുകൾ പൊട്ടുകയും മൂക്കിന്റെ പാലം തകരുകയും ചെയ്തു. നെറ്റിയിലും കാലുകളിലും പരിക്കേറ്റിട്ടുണ്ട്. പൊട്ടിയ പല്ലുകൾ മേൽച്ചുണ്ടിലേക്ക് തുളച്ചുകയറിയതിനെ തുടർന്ന് ഇദ്ദേഹത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി.
സംഭവത്തിൽ ഉൾപ്പെട്ട സ്കൂട്ടർ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വധശ്രമത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


