കൊച്ചി: മോഡലിങ് രംഗത്തേക്കുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ വിദേശത്തേക്ക് കടത്തിയതിനു പിന്നിൽ മനുഷ്യക്കച്ചവട റാക്കറ്റാണെന്ന് അന്വേഷണസംഘം. വിദേശത്തേക്ക് കൊണ്ടുപോയ ചില യുവതികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന സംശയവും രക്ഷപ്പെട്ടു നാട്ടിലെത്തിയ ഇരകൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.
കേസിൽ അറസ്റ്റിലായ തിരുവനന്തപുരം പോങ്ങുവിള സ്വദേശി അലീന ഏബ്രഹാമിന്റെ (29) പങ്കാളിയായ കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് തിരയുകയാണ്. ഇയാൾക്ക് ദേശവിരുദ്ധ സ്വഭാവമുള്ള വിദേശ ഏജൻസികളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലാണ് അന്വേഷണത്തിൽ നിർണായകമായത്. കോടതി റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് തീരുമാനം. ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. ദേശീയ അന്വേഷണ ഏജൻസിയും വിവരശേഖരണം ആരംഭിച്ചു. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ ഹവാല വഴിയാണെന്നാണ് പൊലീസ് കണ്ടെത്തൽ.
റാക്കറ്റിന്റെ ഏജന്റുമാരായ ഗുരുവായൂർ സ്വദേശി സ്റ്റോയ്സി (സിന്ധു–56), പൊന്നാനി സ്വദേശി മഞ്ജിമ (25) എന്നിവരെയും കേസിൽ അറസ്റ്റ് ചെയ്തു. ലൈംഗിക ചൂഷണത്തിനായി യുവതികളെ വിദേശത്തേക്ക് കടത്തിയ സംഘത്തിലെ രണ്ട് മലയാളികൾ നിലവിൽ ദുബായിലാണെന്നും ഇവരെയും കേസിൽ പ്രതിചേർത്തതായും പൊലീസ് അറിയിച്ചു.
വിദേശത്തേക്ക് കടത്തപ്പെട്ട ചില യുവതികൾ പിന്നീട് റാക്കറ്റിന്റെ ഏജന്റുമാരായി പ്രവർത്തിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. റെയ്ഡിനിടെ പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ നിന്ന് വിദേശ ബന്ധങ്ങളുടെ ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ബാങ്ക് ഇടപാട് രേഖകളും പരിശോധിക്കും. ഇരുപതിലധികം യുവതികളുടെ ഗ്ലാമർ ചിത്രങ്ങളും ഫോണുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ തിരിച്ചറിയുന്നതിനും അന്വേഷണവുമായി സഹകരിക്കുന്നവരുടെ മൊഴി രേഖപ്പെടുത്തുന്നതിനുമായി വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.


