കാക്കനാട്: വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപന ഉടമയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പറവൂർ പരുവത്തുരുത്ത് കളരിത്തറ വീട്ടിൽ അന്തപ്പായിയുടെ മകൻ കെ.എ. ജിബി (39) ആണ് പിടിയിലായത്. വാഴക്കാല പടമുകൾ ഭാഗത്ത് പ്രവർത്തിക്കുന്ന ‘ഭീഷ്മാ എജ്യുക്കേഷണൽ സർവീസ് എൽ.എൽ.പി’ എന്ന സ്ഥാപനത്തിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.
പടമുകൾ ഹെവൻലി പ്ലാസ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ തൃക്കാക്കര സബ് ഇൻസ്പെക്ടർ വി.ബി. അനസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മിന്നൽ പരിശോധന നടത്തി. ഉദ്യോഗാർഥികളുമായി ഒപ്പിട്ട കരാറുകൾ, പണം കൈപ്പറ്റിയ രസീതുകൾ, പാസ്പോർട്ടുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
പ്രാഥമിക അന്വേഷണത്തിൽ 95ഓളം പേരെ വിദേശത്തേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് പ്രതിയും ഭാര്യ മെയ് മോളും ചേർന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയതായി വ്യക്തമായി. കേന്ദ്ര സർക്കാരിന്റെയോ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിന്റെയോ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും പൊലീസ് കണ്ടെത്തി.
ഉദ്യോഗാർഥികളിൽ നിന്നും ശേഖരിച്ച പണം ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ജോയ് ഓവർസീസ്’ എന്ന സ്ഥാപനത്തിലെ അജയ് കുണ്ടവരം, പ്രിൻസ് ലോഹ്യ എന്നിവർക്ക് കൈമാറിയതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. ഹൈദരാബാദിലെ സ്ഥാപനത്തിനും വിദേശത്തേക്ക് ആളുകളെ അയക്കാനുള്ള നിയമാനുസൃത അനുമതി ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികളെയും പണം കൈപ്പറ്റിയ ഹൈദരാബാദ് സ്വദേശികളെയും കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ശക്തമാക്കി.


