കളമശേരി: പലചരക്ക് കടയിൽ കയറി വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് കളമശേരി–മഞ്ഞുമ്മൽ റോഡിൽ ശാന്തിനഗറിന് സമീപം പലചരക്ക് കട നടത്തുന്ന എച്ച്.എം.ടി കോളനി പെരിങ്ങഴ പുത്തൻമഠത്തിൽ വീട്ടിൽ ശിവശങ്കരൻ നായർക്ക് (72) കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കളമശേരി ഗ്ലാസ് കോളനി സ്വദേശി അഖിൽ സാബുവിനെ പൊലീസ് പിടികൂടി.
ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കടയിലെത്തിയ പ്രതി ചില സാധനങ്ങൾ ആവശ്യപ്പെടുകയും അവ എടുത്തുനൽകിയ ശേഷം പണം ആവശ്യപ്പെട്ടപ്പോൾ സാധനങ്ങൾ കവറിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പിന്നിൽ നിന്ന് ചവിട്ടിവീഴ്ത്തി കഴുത്തിൽ ചവിട്ടിപ്പിടിച്ച ശേഷം കൈ, നെഞ്ച്, കഴുത്ത് ഭാഗങ്ങളിൽ കുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കത്തി പോലെയുള്ള നീളമുള്ള ആയുധം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ആക്രമണത്തിന് ശേഷം കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 5,000 രൂപയുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. ശിവശങ്കരൻ നായരുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി അദ്ദേഹത്തെ കളമശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.
സംഭവത്തിന് പിന്നാലെ നടത്തിയ തിരച്ചിലിൽ കോളനിക്ക് സമീപമുള്ള പാടത്ത് നിന്നാണ് അഖിൽ സാബുവിനെ പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ മറ്റ് കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
എസ്.എച്ച്.ഒ ബൈജുവിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ സെബാസ്റ്റ്യൻ ചാക്കോ, എസ്.ഐമാരായ ഷമീർ, അനന്തു, സി.പി.ഒമാരായ ഷാജഹാൻ, ആദർശ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


