കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് ഭാഗത്ത് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ പ്ലസ് ടു വിദ്യാർത്ഥിനിയെ കോഴിക്കോട് കടപ്പുറത്ത് നിന്ന് പൊലീസ് കണ്ടെത്തി. ടെന്റ് സ്ഥാപിച്ച് താമസിച്ചുവരുന്നതിനിടെയാണ് പട്രോളിംഗിനെത്തിയ കോഴിക്കോട് പൊലീസ് സംഘം ചോദ്യം ചെയ്ത് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്.
പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം കുന്നത്തുനാട് പൊലീസുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി എട്ടുമണിയോടെ പെൺകുട്ടിയെയും കൂടെയുണ്ടായിരുന്ന യുവാവിനെയും പട്ടിമറ്റത്ത് എത്തിച്ചു. പെരുന്നാൾ വസ്ത്രം വാങ്ങാനെന്ന പേരിൽ മേയ് 26ന് രാവിലെ വീട്ടിൽ നിന്ന് പുറത്തുപോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ യാത്ര ചെയ്ത പെൺകുട്ടി കണ്ണൂർ പയ്യന്നൂർ സ്വദേശിയായ യുവാവിനൊപ്പം മംഗളൂരുവിൽ ഇറങ്ങിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. പെൺകുട്ടി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നത് അന്വേഷണത്തിന് വെല്ലുവിളിയായി.
കാസർഗോഡ് ജില്ലയിലെ ഉൾനാടൻ മേഖലകളിൽ താമസിച്ച ശേഷമാണ് ഇരുവരും കോഴിക്കോട് എത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇൻസ്റ്റാഗ്രാം വഴിയാണ് യുവാവിനെ പരിചയപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിൽ യൂബർ ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.


