ഫോർട്ട്കൊച്ചി: അഴിമുഖത്തിന് സമീപം കടപ്പുറത്ത് കൂടുതൽ ഭാഗങ്ങളിൽ കര രൂപപ്പെട്ടതോടെ ചീനവലകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു. മത്സ്യബന്ധനത്തിനായി വല താഴ്ത്താൻ സാധിക്കാത്തതിനാൽ ചീനവല ഉടമകളും മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണ്.
മണ്ണടിഞ്ഞ് കായലോരത്ത് ആഴം കുറഞ്ഞതോടെ പല ചീനവലകളും ആവശ്യമായ രീതിയിൽ താഴ്ത്താൻ കഴിയുന്നില്ല. ബീച്ച് റോഡ് സ്വദേശി എം.ബി. ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ചീനവലയാണ് നിലവിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടിരിക്കുന്നത്. ആഴ്ചകളായി വല പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ വലയിൽ ജോലി ചെയ്തിരുന്ന അഞ്ച് തൊഴിലാളികൾക്കും തൊഴിൽ നഷ്ടമായതായി ഉടമ അറിയിച്ചു.
തെക്കുനിന്ന് കടൽ കൂടി വരുമ്പോഴാണ് മണ്ണടിഞ്ഞുകൂടുന്നതെന്നും കഴിഞ്ഞ വർഷവും സമാന സാഹചര്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ മഴ ലഭിച്ചാൽ മാത്രമേ രൂപപ്പെട്ട മണൽത്തിട്ടകൾ ഇല്ലാതാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം മണ്ണ് ഒലിച്ചുപോയ ശേഷമാണ് വീണ്ടും വല പ്രവർത്തിപ്പിക്കാൻ സാധിച്ചത്. അതിന് മാസങ്ങൾ വേണ്ടിവന്നിരുന്നു. 28 വർഷം മുമ്പ് വാങ്ങിയ ചീനവല അറ്റകുറ്റപ്പണികൾക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ഇപ്പോഴും നിലനിർത്തുന്നതെന്ന് ഉടമ പറഞ്ഞു.
അടുത്ത ദിവസങ്ങളിലായി ഫോർട്ട്കൊച്ചി നോർത്ത് ബീച്ചിൽ കൂടുതൽ മണ്ണടിഞ്ഞ് കര രൂപപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ഇത് സഞ്ചാരികൾക്ക് കൗതുകമാകുമ്പോൾ ചീനവല തൊഴിലാളികൾക്ക് തൊഴിൽ നഷ്ടത്തിലേക്കാണ് നയിക്കുന്നത്. സമീപത്തെ മറ്റ് ചീനവലകൾക്കും സമാന സ്ഥിതി ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഉടമകളും തൊഴിലാളികളും.
അഴിമുഖത്ത് ഡ്രഡ്ജിങ് നടത്തി മണൽ നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കടപ്പുറത്തെ ചീനവലകളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി ഉയർന്നിരിക്കുന്നത്.


