കാക്കനാട്: തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ളതും പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിലുള്ളതുമായ റോഡുകളുടെ വശങ്ങളിലെ പുല്ല് വെട്ടിമാറ്റുന്നതിനും മണ്ണ് നീക്കം ചെയ്യുന്നതിനുമായി ലക്ഷങ്ങൾ ചെലവഴിക്കുന്നതിൽ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. നഗരസഭയിലെ പത്തോളം വാർഡുകളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ അധികാരപരിധിയിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികളും പരിപാലനവും പി.ഡബ്ല്യു.ഡി നിർവഹിക്കേണ്ട ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടി, ചില കൗൺസിലർമാരും കരാറുകാരും ഉദ്യോഗസ്ഥരും ചേർന്ന് നഗരസഭാ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ഭരണ-പ്രതിപക്ഷ അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതായാണ് വിവരം. ശുചീകരണ പ്രവർത്തനങ്ങളുടെ മറവിൽ സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി ആരോപിച്ച് രംഗത്തെത്തിയ ചില കൗൺസിലർമാരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും, എന്നാൽ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിൽക്കുന്നതായും അറിയുന്നു.
നഗരസഭ പരിധിയിലെ സീപോർട്ട്–എയർപോർട്ട് റോഡിൽ മണ്ണ് അടിഞ്ഞുകൂടിയതോ റോഡരികിൽ പുല്ല് വ്യാപകമായി വളർന്നതോ കാണാനില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഇത്തരം റോഡുകളുടെ വശങ്ങൾ വൃത്തിയാക്കാൻ നഗരസഭയുടെ പൊതുഫണ്ട് വിനിയോഗിക്കേണ്ട സാഹചര്യമില്ലെന്നും അവർ വ്യക്തമാക്കുന്നു.
മണ്ണ് നീക്കം ചെയ്യുന്നതിനായി മണിക്കൂറിന് 1,560 രൂപ നിരക്കിൽ എക്സ്കവേറ്റർ വാടകയ്ക്ക് എടുക്കണമെന്നാവശ്യപ്പെട്ട കൗൺസിലർമാരുടെ പട്ടികയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ആരോപണമുണ്ട്. സാധാരണയായി മണിക്കൂറിന് 700 രൂപ പോലും വാടകയില്ലാത്ത സാഹചര്യത്തിലാണ് ഉയർന്ന നിരക്കുകൾ കണക്കാക്കുന്നതെന്നും പറയുന്നു.
സീപോർട്ട്–എയർപോർട്ട് റോഡ്, പുക്കാട്ടുപടി–ഇടപ്പള്ളി റോഡ്, അത്താണി–പള്ളിക്കര റോഡ്, നവോദയ–മില്ലുപടി റോഡ്, ഇൻഫോപാർക്ക് റോഡ് എന്നിവ ഉൾപ്പെടെ പത്തോളം റോഡുകളിലാണ് പുല്ല് വെട്ടലിന്റെയും മണ്ണ് നീക്കലിന്റെയും പേരിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതെന്ന ആരോപണം ഉയരുന്നത്. മുമ്പ് വാർഡ് തലത്തിൽ കണ്ടിൻജന്റ് ജീവനക്കാർ നിർവഹിച്ചിരുന്ന ജോലികളാണ് ഇപ്പോൾ കരാർ അടിസ്ഥാനത്തിൽ നൽകുന്നതെന്നും ആക്ഷേപമുണ്ട്.
ആറുമാസം മുമ്പ് മുൻ ഭരണസമിതി ലക്ഷങ്ങൾ ചെലവഴിച്ച് റോഡ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതും വിവാദമായിരുന്നു. വിഷയത്തിൽ നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ മൗനം പാലിക്കുന്നതും ക്രമക്കേടുകൾക്ക് വഴിയൊരുക്കുന്നതായാണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ആരോപിക്കുന്നത്.


