മൂവാറ്റുപുഴ: വീട്ടുവേലയ്ക്കായി എത്തിച്ച തമിഴ്നാട് സ്വദേശിനിയായ ഏഴുവയസ്സുകാരി പൊള്ളലേറ്റ് മരിച്ച കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ട് മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ഉത്തരവിട്ടു. ആലുവ അശോകപുരത്തെ വീട്ടിൽ താമസിക്കവെയാണ് തമിഴ്നാട് സ്വദേശിനിയായ ധനലക്ഷ്മി പീഡനത്തിനിരയായി പൊള്ളലേറ്റ് മരിച്ചതെന്നാണ് കേസ്.
അശോകപുരം അനന്താശ്രമം വീട്ടിൽ സിന്ധു നായർ (52), ഭർത്താവും ഹൈക്കോടതി അഭിഭാഷകനുമായ ജോസ് കുര്യൻ (51), കുട്ടിയെ ജോലിക്കെത്തിച്ച ഏജന്റായ കടലൂർ കടപ്പാക്കുറിച്ചി സ്വദേശി നാഗപ്പൻ (61) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കേസിലെ മറ്റൊരു ഏജന്റായ ചേരാനല്ലൂർ വലിയവീട്ടിൽ ഷൈല നാസറിനെ (50) നേരത്തെ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി സെഷൻസ് കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
2011 ഫെബ്രുവരി 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശരീരമാകെ മുറിവുകളും ചതവുകളും പൊള്ളലുകളുമേറ്റ നിലയിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. മരണത്തിന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നാം പ്രതിയായ നാഗപ്പന്റെ ഭാര്യാസഹോദരിയുടെ മകളായിരുന്നു മരിച്ച കുട്ടി. ഏജന്റ് ഷൈല വഴിയാണ് കുട്ടിയെ സിന്ധു നായരുടെ വീട്ടിലെത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സംരക്ഷിക്കാമെന്ന വാഗ്ദാനം വിശ്വസിച്ച് പണം വാങ്ങിയാണ് മാതാപിതാക്കൾ കുട്ടിയെ വിട്ടുനൽകിയതെന്നാണ് കേസ്. എന്നാൽ കുട്ടിയെ വീട്ടുജോലികൾക്കായി ഉപയോഗിച്ചെന്നും ജോലി ഭാരത്താൽ അവശയായപ്പോഴെല്ലാം പീഡനത്തിന് ഇരയാക്കിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. തിളച്ച വെള്ളം ദേഹത്ത് ഒഴിക്കുക, സിഗരറ്റ് കുറ്റി ഉപയോഗിച്ച് പൊള്ളിക്കുക, വിറക് കൊണ്ട് മർദിക്കുക തുടങ്ങിയ ക്രൂരതകൾ നടത്തിയതായും കേസ് രേഖകളിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ പ്രോസിക്യൂഷന് ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോക്സോ കോടതി ജഡ്ജി ജി. മഹേഷ് പ്രതികളെ വെറുതെ വിട്ടത്.


