കിഴക്കമ്പലം: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ കോതമംഗലം സ്വദേശി നിതിൻ (31) അറസ്റ്റിൽ. സ്വകാര്യ ബാങ്ക് ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയായിരുന്നു കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമക്കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
പട്ടിമറ്റം സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി നിതിൻ പ്രണയത്തിലായിരുന്നു. ഇതിനിടെ നിതിന്റെ വിവാഹം നിശ്ചയമായതോടെ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായി.
തർക്കം രൂക്ഷമായതിനെ തുടർന്ന് യുവതിയെ മർദിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്. തുടർന്ന് യുവതി മരിച്ചെന്നു കരുതി കൈകൾ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിലെ കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
പുലർച്ചെ ബോധം വീണ്ടെടുത്ത യുവതി ഇഴഞ്ഞ് കോഴിപ്പിള്ളി ജംഗ്ഷനിലെത്തി നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്.


