കൊച്ചി: ശക്തമായ ഇടിമിന്നലിനെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ലഭിച്ചിട്ടും പലരും അവ ഗൗരവത്തിലെടുക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ മിന്നൽ മരണങ്ങളുടെ കണക്ക് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ ഇടിമിന്നലേറ്റ് 141 പേരാണ് മരിച്ചത്. എറണാകുളം ജില്ലയിൽ മാത്രം 12 പേർക്ക് ജീവൻ നഷ്ടമായി. മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണ് പല അപകടങ്ങൾക്കും പ്രധാന കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
മലപ്പുറം മങ്കടയിൽ നാല് വിദ്യാർത്ഥികൾ മിന്നലേറ്റ് മരിച്ച സംഭവം സംസ്ഥാനത്തെ ഏറ്റവും ഒടുവിലത്തെ വലിയ ദുരന്തമായി മാറി. പന്തല്ലൂർ മലയിൽ വ്യൂ പോയിന്റ് കാണാനെത്തിയ വിദ്യാർത്ഥികൾ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയ്ക്കിടെയുണ്ടായ ശക്തമായ മിന്നലിൽപെട്ടാണ് മരിച്ചത്.
സാധാരണ വേനൽക്കാലം അവസാനിക്കുമ്പോഴും കാലവർഷം ആരംഭിക്കുന്നതിന് മുൻപുമാണ് മിന്നൽ ശക്തമാകാറുള്ളത്. എന്നാൽ ഇത്തവണ ഏപ്രിൽ, മേയ് മാസങ്ങളിലേയ്ക്ക് തന്നെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴ അനുഭവപ്പെട്ടു. ഉച്ചയ്ക്കുശേഷവും വൈകുന്നേരവും മിന്നൽ കൂടുതൽ ശക്തമാകുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് മഴമേഘങ്ങളുടെ സാന്നിധ്യം പതിവിലും കൂടുതലായി ഉയർന്നതും തുടർച്ചയായ ഇടിമിന്നലുകൾക്ക് കാരണമാകുന്നുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
മഴമേഘങ്ങൾ താഴ്ന്നുനിൽക്കുന്നതിനാൽ ഉണ്ടാകുന്ന ഇടിമിന്നലുകൾ വലിയ അപകടങ്ങൾക്ക് വഴിവെക്കാമെന്നും മുന്നറിയിപ്പുണ്ട്. ആകെ ഇടിമിന്നലുകളിൽ 90 ശതമാനവും ആകാശത്ത് വെച്ചുതന്നെ അവസാനിക്കുമ്പോൾ 10 ശതമാനം മാത്രമാണ് ഭൂമിയിൽ നാശം വിതയ്ക്കുന്നത്.
മിന്നലേറ്റയാൾക്ക് പൊള്ളലേൽക്കുക, കാഴ്ചയോ കേൾവിയോ നഷ്ടമാകുക, ഹൃദയാഘാതം സംഭവിക്കുക തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മിന്നലേറ്റയാൾക്ക് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുതെന്നും ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിർണായക സമയമാണെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.
ഇടിമിന്നൽ മുന്നറിയിപ്പുകൾ ലഭിക്കുന്നതിനായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ‘ദാമിനി’ മൊബൈൽ ആപ്പ് ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. 20 മുതൽ 40 കിലോമീറ്റർ ചുറ്റളവിൽ ഇടിമിന്നൽ സാധ്യതയുണ്ടെങ്കിൽ ജിപിഎസ് അടിസ്ഥാനത്തിലുള്ള മുന്നറിയിപ്പുകൾ ആപ്പ് നൽകും. അടുത്ത 40 മിനിറ്റിലേക്കുള്ള മിന്നൽ സാധ്യതയും ഇതിലൂടെ അറിയാൻ സാധിക്കും.
തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ മിന്നൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ 17 വീതവും മലപ്പുറത്ത് 16ഉം കൊല്ലത്ത് 14ഉം കണ്ണൂരിൽ 13ഉം എറണാകുളത്ത് 12ഉം മരണങ്ങളാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നത്.


