കൊച്ചി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായി എറണാകുളം ജില്ലയിലെത്തിയ വി.ഡി. സതീശന് കൊച്ചി പൗരാവലി ആവേശകരമായ സ്വീകരണം നൽകി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും നടൻ കുഞ്ചാക്കോ ബോബനും പങ്കെടുത്തു. ചടങ്ങിൽ മമ്മൂട്ടി മുഖ്യമന്ത്രി വി.ഡി. സതീശനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിൽ സംസാരിച്ച മമ്മൂട്ടി, സിനിമയിൽ മുഖ്യമന്ത്രിയായി അഭിനയിക്കുന്നത് എളുപ്പമാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ ആ ചുമതല നിർവഹിക്കുന്നത് അത്ര എളുപ്പമല്ലെന്ന് പറഞ്ഞു. വലിയ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിസ്ഥാനം എന്നും അത് നീതിപൂർവ്വം നിർവഹിക്കാൻ വി.ഡി. സതീശന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കൊച്ചിക്കാരോടും മലയാളികളോടുമൊപ്പം ഈ നിമിഷത്തിൽ താനും സന്തോഷിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടിയുള്ള നല്ലൊരു ഭരണമായിരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ചടങ്ങിൽ പങ്കെടുത്ത രമേശ് പിഷാരടി എം.എൽ.എ വിജയത്തിന് പിന്നിൽ നിന്ന ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി. കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം കേട്ടറിഞ്ഞാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മറുപടി പ്രസംഗത്തിൽ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തമാണിതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഇത് ദൈവീകമായ നിയോഗമാണെന്നും മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ടീമായി പ്രവർത്തിച്ചാലേ മുന്നോട്ടുപോകാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ധനകാര്യ വകുപ്പ് ഏറ്റെടുത്തത് വലിയ വെല്ലുവിളിയായാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഹുനില കെട്ടിടങ്ങൾ ഉയരുന്നതല്ല യഥാർത്ഥ വികസനമെന്നും സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം എക്കാലവും മതേതരത്വത്തോടെ മുന്നോട്ടുപോകണമെന്നും വർഗീയതയ്ക്ക് ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് മാതൃകയായ നഗരമായി കൊച്ചിയെ മാറ്റുമെന്നും സിനിമ മേഖലയിലും സർക്കാർ വ്യക്തമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.


