കാക്കനാട്: കാക്കനാട്–കളമശേരി റോഡിൽ വാഹന പരിശോധനയ്ക്കിടെ മോഷ്ടിച്ച സ്കൂട്ടറുമായി സഞ്ചരിച്ച യുവതിയെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഹെൽമറ്റ് ധരിക്കാതെയെത്തിയ യുവതി ഉദ്യോഗസ്ഥർ കൈകാണിച്ചിട്ടും വാഹനം നിർത്താതെ പാഞ്ഞതിനെ തുടർന്ന് അഞ്ച് കിലോമീറ്ററോളം പിന്തുടർന്നാണ് പിടികൂടിയത്.
സ്കൂട്ടറിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ കൈവശമില്ലെന്നും വാഹനം സുഹൃത്തിന്റേതാണെന്നും യുവതി മറുപടി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂട്ടറിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. ഷാസി നമ്പർ പരിശോധിച്ച് യഥാർത്ഥ രജിസ്ട്രേഷൻ നമ്പറും വാഹന ഉടമയുടെ വിവരങ്ങളും കണ്ടെത്തിയപ്പോഴാണ് വാഹനം മോഷണം പോയതാണെന്ന് വ്യക്തമായത്.
ഫെബ്രുവരി 22ന് എറണാകുളം കോൺവെന്റ് ജംഗ്ഷനിൽ നിന്നാണ് സ്കൂട്ടർ മോഷണം പോയത്. സംഭവത്തിൽ സെൻട്രൽ പൊലീസ് അന്നുതന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. യുവതിയുടെ സുഹൃത്ത് നിലവിൽ മോഷണക്കേസിൽ റിമാൻഡിലാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. ഷിജു, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.ബി. വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്കൂട്ടറിൽ യുവതിക്കൊപ്പം 17 വയസുള്ള മകളും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. തുടർന്ന് കേസ് കളമശേരി പൊലീസിന് കൈമാറി.


