കൊച്ചി: മയക്കുമരുന്നുമായി അന്തർ സംസ്ഥാന തൊഴിലാളിയുൾപ്പെടെ മൂന്ന് യുവാക്കളെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. കോട്ടയം വയല തറപ്പിൽ വീട്ടിൽ അമിത് ഗോപിദാസ് (25), തൃക്കാക്കര ചെമ്പുമുക്ക് തൃട്ടയാൽ വീട്ടിൽ ജെഫ്രി ജയിംസ് (22) എന്നിവരെ കാക്കനാട് ഇൻഫോപാർക്ക് മില്ലുപടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് ചെയ്തത്. നാർക്കോട്ടിക് സെൽ എ.സി.പി ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് പരിശോധന നടത്തിയത്.
ചേരാനല്ലൂർ ഗോഡൗൺ റോഡിന് സമീപം നടത്തിയ പരിശോധനയിൽ പശ്ചിമ ബംഗാൾ മുർഷിദാബാദ് സാഹിബ് നഗർ സ്വദേശി അലിരാജ് സർക്കാർ (43) 500 ഗ്രാം കഞ്ചാവുമായി പിടിയിലായി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അമിത് ഗോപിദാസ്, ജെഫ്രി ജയിംസ് എന്നിവരിൽ നിന്ന് 50 എൽ.എസ്.ഡി സ്റ്റാമ്പുകളും 63.538 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച 1,11,400 രൂപയും പ്രതികളിൽ നിന്ന് കണ്ടെടുത്തു.


