പെരുമ്പാവൂർ: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാനെത്തിയ വിമാനം അസാധാരണമായി താഴ്ന്നു പറന്നതിനെ തുടർന്ന് വീടിന്റെ മേച്ചിലോട് പറന്നുപോയതായി പരാതി. ഒക്കൽ നമ്പിളളി കവലയിലെ മാണിക്കത്താൻ എം.വി. ജോയിയുടെ വീടിന്റെ 120 ഓടുകളാണ് നഷ്ടമായത്. സംഭവത്തിൽ ഏകദേശം 1000 രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ പറഞ്ഞു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനുള്ള വിമാനം താഴ്ന്ന് പറന്നതോടെയാണ് വീടിന്റെ മേച്ചിലോട് പറന്നുപോയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇതിനു മുമ്പും പ്രദേശത്ത് സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പണ്ടാല പ്രസാദ് എന്നയാളുടെ വീടിന്റെ മേച്ചിലോട് മൂന്ന് തവണ വിമാനങ്ങൾ താഴ്ന്ന് പറന്നതിനെ തുടർന്ന് നശിച്ചതായും സിയാലിൽ പരാതി നൽകിയിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്നും ആരോപിച്ചു.


