കാക്കനാട്: തുതിയൂർ റോഡിൽ രൂപപ്പെട്ട വലിയ ഗർത്തം യാത്രക്കാരുടെ ജീവന് ഗുരുതര ഭീഷണിയാകുന്നു. ഈച്ചമുക്ക് ജംഗ്ഷൻ കഴിഞ്ഞുള്ള വളവിൽ റോഡിന് കുറുകെ പോകുന്ന പഴയ കലുങ്കിന്റെ ഭാഗം ഇടിഞ്ഞ് ആഴമേറിയ കുഴിയായി മാറിയിരിക്കുകയാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡായതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. വലിയ ഭാരവുമായി കോൺക്രീറ്റ് മിക്സർ ലോറികളും ഇതുവഴി കടന്നുപോകുന്നുണ്ട്.
ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്നുള്ള മാലിന്യ നീക്കത്തിനായി നിർമിച്ച കലുങ്കാണ് ഇപ്പോൾ തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നത്. വർഷങ്ങളായി മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ടതോടെ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടായതായാണ് നാട്ടുകാർ പറയുന്നത്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
വളവിനോടു ചേർന്ന ഭാഗമായതിനാൽ രാത്രികാലങ്ങളിൽ എത്തുന്ന വാഹനങ്ങൾ ഗർത്തത്തിൽ പതിക്കാൻ സാധ്യത കൂടുതലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഏത് സമയവും റോഡിന്റെ കൂടുതൽ ഭാഗം ഇടിഞ്ഞുതാഴാൻ സാധ്യതയുള്ളതിനാൽ വലിയ ദുരന്തഭീതിയും നിലനിൽക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്താത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
അപകടം ഒഴിവാക്കുന്നതിനായി നാട്ടിലെ ടി.വി. സെന്റർ എം.കെ. കൃഷ്ണൻ വായനശാല പ്രവർത്തകർ സ്വമേധയാ രംഗത്തെത്തി ട്രാഫിക് സേഫ്റ്റി കോണുകൾ സ്ഥാപിച്ച് താൽക്കാലിക മുന്നറിയിപ്പ് ഒരുക്കി. വായനശാല ട്രഷറർ എം.എ. നൈനാർ, ജോയിന്റ് സെക്രട്ടറി സുനീർ പള്ളിക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ നടപടികൾ. വലിയ അപകടം സംഭവിക്കുന്നതിന് മുൻപ് ഗർത്തം അടച്ച് കലുങ്ക് പുനർനിർമിച്ച് റോഡ് സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെയും വായനശാല പ്രവർത്തകരുടെയും ആവശ്യം.


