വാഹനം തിരിക്കുന്നതിനിടെ ഇൻഡിക്കേറ്റർ ഇട്ടില്ലെന്നാരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവറെ യുവാക്കൾ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ മറവൻതുരുത്ത് ഇലവുംപറമ്പിൽ ഇ.ആർ അരുണിന്റെ (30) വലതുകാൽ ഒടിഞ്ഞു. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരായ ഫിറോസ് (19), ആദിത്യനാഥ് (21) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഇന്നലെ രാവിലെ 10 മണിയോടെ മറവൻതുരുത്ത് പഞ്ചായത്ത് ജംഗ്ഷനിലായിരുന്നു സംഭവം. പാലാംകടവിൽ നിന്ന് ഓട്ടോ സ്റ്റാൻഡിലേക്ക് തിരിയുന്നതിനിടെയാണ് അരുണിന്റെ ഓട്ടോയ്ക്ക് പിന്നാലെ യുവാക്കൾ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചതായി ആരോപിച്ച് സ്കൂട്ടർ തടഞ്ഞുനിർത്തിയ ഇവർ ഹെൽമറ്റ് ഉപയോഗിച്ച് അരുണിനെ മർദിക്കുകയായിരുന്നു.
പരിക്കേറ്റ അരുണിനെ ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


