കൊച്ചി: കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ വിനോദയാത്രയ്ക്കെത്തിയ അഞ്ച് വയസ്സുകാരൻ വെള്ളച്ചാലിൽ വീണ് മരിച്ചു. കോട്ടയം ചെങ്ങളം സൗത്ത് സ്വദേശി മുഹമ്മദ് നസീറിന്റെയും ആരിഫയുടെയും മകൻ മുഹമ്മദ് ആദം ആണ് മരിച്ചത്. കൊച്ചിയിലെ പ്രമുഖ പ്രീ സ്കൂളിലെ വിദ്യാർത്ഥിയായ ആദം, പഠന സൗകര്യത്തിനായി മാതാവിനും മുത്തശ്ശിക്കുമൊപ്പം തമ്മനത്താണ് താമസിച്ചിരുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയായിരുന്നു അപകടം. സ്കൂളിന്റെ പാലാരിവട്ടം, മാമല സെന്ററുകളിൽ നിന്നുള്ള 25 കുട്ടികളടങ്ങുന്ന സംഘത്തോടൊപ്പമാണ് ആദം പാർക്കിലെത്തിയത്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനായി മുറിയിലേക്ക് പ്രവേശിപ്പിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം.
സംസാരവൈകല്യമുള്ള ആദത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമായതിനാൽ ഒരു അധ്യാപിക കുട്ടിയെ കൈപിടിച്ച് മാറ്റി നിർത്തിയിരുന്നു. ഇതിനിടെ മറ്റൊരു കുട്ടി ഓടിപ്പോകുന്നത് കണ്ട്, ആദത്തെ അവിടെ നിർത്തിയ ശേഷം അധ്യാപിക ആ കുട്ടിയുടെ പിന്നാലെ പോയി. തിരികെ വന്ന് എല്ലാവർക്കും ഭക്ഷണം നൽകുന്നതിനിടയിൽ ആദം മുറിയിലുണ്ടെന്ന നിഗമനത്തിലായിരുന്നു അധ്യാപകർ. പിന്നീട് കുട്ടികളുടെ എണ്ണം പരിശോധിച്ചപ്പോഴാണ് ആദത്തെ കാണാനില്ലെന്ന് വ്യക്തമായത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ പാർക്കിന് പിന്നിലെ വെള്ളച്ചാലിൽ കുട്ടിയുടെ വസ്ത്രത്തിന്റെ നിറം ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാർ കുട്ടിയെ പുറത്തെടുത്ത് പ്രഥമശുശ്രൂഷ നൽകിയ ശേഷം പഴങ്ങനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് 3.17-ഓടെ മരണം സ്ഥിരീകരിച്ചു.
പാർക്കിൽ ബോട്ട് സവാരിക്കായി പുതുതായി നിർമ്മിച്ച വെള്ളച്ചാലിലാണ് അപകടം നടന്നത്. ഇവിടെ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നോ എന്ന് തടിയിട്ടപറമ്പ് പൊലീസ് അന്വേഷിച്ചുവരികയാണ്. പാർക്കിന്റെ ലൈസൻസ് സംബന്ധിച്ച് പഞ്ചായത്തുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദേശത്തുള്ള പിതാവിനെ വിവരമറിയിച്ചിട്ടുണ്ട്.


