കൊച്ചി: തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തി. ആലപ്പുഴ ചേർത്തല കുറ്റിക്കാട്ടുവെളി സ്വദേശി മനു ജോൺസൺ (26) ആണ് കരിങ്ങാച്ചിറയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്.
കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഭാര്യയുടെ വീട്ടുകാർ തനിക്കെതിരെ കള്ളക്കേസ് നൽകിയതായും തന്റെ മരണത്തിന് അവർ ഉത്തരവാദികളാണെന്നും ആത്മഹത്യക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബന്ധപ്പെട്ടവർക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്ന ആവശ്യവും കുറിപ്പിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഡ്രൈവറായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് മനുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാതിരുന്നതിനെ തുടർന്ന് സ്ഥാപന പ്രതിനിധി ഫ്ലാറ്റിലെത്തി അന്വേഷിക്കുകയായിരുന്നു. വാതിൽ തുറക്കാത്ത സാഹചര്യത്തിൽ മനുവിന്റെ അമ്മയെയും പിന്നീട് സ്ഥലത്തെ കൗൺസിലറെയും പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവാവിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ബുധനാഴ്ച വൈകിട്ട് 6 മണിക്കും വ്യാഴാഴ്ച രാവിലെ 11.30നും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് ഹിൽപാലസ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നത്. ഭാര്യയുടെ പരാതിയിൽ മനുവിനെതിരെ ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ പൊലീസ് സ്റ്റേഷനിൽ നേരത്തേ ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി മനുവിന്റെ കുടുംബാംഗങ്ങൾ, ഭാര്യ, അവരുടെ ബന്ധുക്കൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ബി.എൻ.എസ്.എസ് 194 പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


