കൊച്ചി: തൃപ്പൂണിത്തുറ നഗരത്തിലും സമീപ പ്രദേശങ്ങളിലും സൈക്കിൾ മോഷണം പതിവാക്കിയയാളെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ നടമ തെക്കുംഭാഗം അതിരക്കണ്ടത്തിൽ വീട്ടിൽ സുന്ദരൻ (50) ആണ് പിടിയിലായത്.
കഴിഞ്ഞ 20-ന് വടക്കേക്കോട്ട സെന്റ് ജോസഫ് പള്ളിയുടെ പാർക്കിംഗിൽ നിന്ന് സൈക്കിൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പേട്ട സ്വദേശിയും കൊല്ലപ്പണിക്കാരനുമായ സത്യന്റെ 14,000 രൂപ വിലവരുന്ന സൈക്കിളാണ് പകൽസമയത്ത് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് കഴിഞ്ഞ ദിവസം സുന്ദരൻ വീണ്ടും സൈക്കിൾ മോഷണ ലക്ഷ്യത്തോടെ വടക്കേക്കോട്ട മേഖലയിൽ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. പ്രതിയെ സൈക്കിളിന്റെ ഉടമ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഹിൽപാലസ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


